Friday, June 29, 2012

ആസ്വാദകന്‍.

തൊണ്ണൂറുകളുടെ പകുതി..

സിനിമ, സംഗീതം, നാടകം, ബാലെ എന്ന് വേണ്ട മാര്‍ഗ്ഗം കളിയുടെയും ദര്ഫ്മുട്ടിന്റെയും വരെ ഒരു അവലോകന കേന്ദ്രമായിരുന്നു
സുരേഷ് ഹോട്ടല്‍.
നാട്ടിന്‍ പുറത്തെ കലാ സാംസ്കാരിക ചര്‍ച്ചകള്‍ നടക്കുന്ന ഒരിടം.

ഒരു സാധാരണ ദിവസം..
കുഞ്ഞുണ്ണിയേട്ടന്‍ ചായ കുടിക്കാന്‍ വന്നു.
മുട്ടെത്തുന്ന ജബ, വെള്ള മുണ്ട്, നീണ്ടു കിടക്കുന്ന ചുരുളന്‍ മുടി.
കയ്യില്‍ ഒരു ഡയറി, പോക്കറ്റില്‍ പേനയും കാജാ ബീഡിയും.
നാടകം, എഴുത്ത് തുടങ്ങിയ അസ്കിതകള്‍ ഉള്ള ആളാണ്‌.
അകത്തു കയറിയപ്പോള്‍ തരംഗിണിയുടെ വസന്തഗീതങ്ങള്‍ ചായയടിക്കുന്ന ശബ്ദത്തിനൊപ്പം ഒഴുകി വരുന്നു.
'ആഹ..' കുഞ്ഞുണ്ണിയേട്ടന്‍ ആത്മഗതം പറഞ്ഞു.

"സുരേഷേ, ഒരു ലൈറ്റ് ചായ, ഒരു പരിപ്പുവട." ഓര്‍ഡര്‍ വന്നു.

കടയില്‍ അവിടവിടെയായിരിക്കുന്നവര്‍ ആളെ ഒന്ന് നോക്കി, 

"ദേദണ്ടാ ഈ അവതാരം?" എന്ന് ചോദിച്ച ഒരു ആളോട് 
"അറീല്ലെ, മ്മടെ, സുകുമാരന്റെ അനിയന്‍. 
ഹ.. കുന്നിലെ, 
പാട്ടുകാരന്‍ സുകുമാരന്ട്യേയ്...
ഇപ്പൊ, സിനിമക്ക് കഥ എഴുതാ."
എന്ന് മറുപടി വന്നു.

"അമ്പോ.. ആള് നിസ്സാരകാരനല്ലാ ല്ലേ?"

ഇതൊക്കെ കേള്‍ക്കാത്ത ഭാവത്തില്‍ കുഞ്ഞുണ്ണിയേട്ടന്‍ ഇരുന്നു.
ദാസേട്ടന്റെ ശബ്ദം 'മാമാങ്ക'മായി ഒഴുകി വന്നു.
പാട്ടിനനുസരിച്ച് ഗ്ലാസ്സുകൊണ്ട് മേശമേല്‍ വട്ടം ചുറ്റിച്ചും വരികള്‍ക്കിടയില്‍ മുസിക് വരുമ്പോള്‍ പരിപ്പുവട കഷണം കഷണമായി അതിനു വേദനയുണ്ടാക്കാത്ത്ത വിധത്തില്‍ തിന്നുകൊണ്ടും ഇടയ്ക്ക് കൈകൊണ്ടു വായുവില്‍ പാട്ടിനനുസരിച്ച് പടം വരച്ചും ആള് ഒരു താരമായി മാറി.

ചുറ്റുമിരുന്നവര്‍ പിറ് പിറ് സംസാരം നിറുത്തി.
പാട്ടും കുഞ്ഞുണ്ണിയുടെ മുഖത്ത് തെളിയുന്ന ഭാവങ്ങളും ആസ്വാദനത്തിന്റെ പുതിയ ശൈലിയും ചുറ്റും കൂടിയിരുന്നവര്‍ അന്തം വിട്ട് കണ്ടിരുന്നു..

".. തല കൊയ്തെറിഞ്ഞു പടകള്‍ നയിച്ച കഥ, ഇന്നെന്റെ ചിന്തയ്ക്കരങ്ങേരുവാന്‍.. " എന്ന വരിയെത്തിയപ്പോള്‍ അല്‍പ്പം ഉറക്കെത്തന്നെ കുഞ്ഞുണ്ണിയെട്ടന്‍ പറഞ്ഞു..

"അവിടെ ദാസ് കളഞ്ഞു."

കാഴ്ചക്കാര്‍ ഒരു നിമിഷം പരസ്പരം നോക്കി..പിന്നെ, 
ഛെ, എന്ന ഭാവത്തിലിരിക്കുന്ന പുത്തന്‍ ആസ്വാദക നികുന്ജത്തെ നോക്കി.. 
എന്നിട്ട് കോറസ്സായി പറഞ്ഞു..അല്ല അലറി..

"പ് ഫാ...ഇറങ്ങി പോടാ"

No comments:

Post a Comment