Friday, June 29, 2012

മഹാത്മാ ഗാന്ധി

രാവിലെ, താഴെയുള്ള സന്താനം (ഒന്നാം ക്ലാസ്സില്‍) മുറം പോലുള്ള ഒരു പുസ്തകവുമായി അടുത്തെത്തി

"ഈ ജി കെ ഒന്ന് പറഞ്ഞു തരുമോ?"
"ഇത് ബേര്‍ഡ്സ് അല്ലെ? നിനക്കറിയാലോ.."
"അതല്ല, നെക്സ്റ്റ് പേജ്"
ഞാന്‍ നോക്കിയപ്പോള്‍ ഫ്രീഡം ഫൈട്ടെഴ്സ് ന്റെ എട്ടു ചിത്രങ്ങള്‍ 
അപ്പുറത്തായി പേരുകള്‍ ക്രമം തെറ്റിചെഴുതിയിട്ടുണ്ട്
ഓ കെ.
"ഇതാരാ?" ഞാന്‍ 
" ഇത്തിരി ആള്‍ക്കാരെ അറിയാം. ചെലോരെ അറിയില്ല. അതല്ലേ പപ്പോട് പറഞ്ഞു തരാന്‍ പറയുന്നത്"
"അത് ശരി..ഇത് ഭഗത് സിംഗ് .."
"ഇത് ഇന്ത്യന്‍ ഫ്ലാഗ് അല്ലെ?"
"പോടാ.. ഇതൊരു ആളാണെന്നു മനസ്സിലാക്കാന്‍ പറ്റുന്നില്ലേ?"
"ഈ പപ്പയ്ക്ക് ഒന്നും അറിയില്ല. അയാള്‍ടെ ബാക്കില്‍ നാഷണല്‍ ഫ്ലാഗ് കണ്ടോ?"
അപ്പോളാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ബാക്ക്ഗ്രൌണ്ടില്‍ നാഷണല്‍ ഫ്ലാഗിന്റെ കളര്‍.
"ഓ.. ഇതില്‍ രണ്ടു ലേഡീസ് ഉണ്ട്. ഒന്ന് റാണി ലക്ഷ്മി ഭായ് , മറ്റേതു സരോജിനി നായിഡു. അത് തിരിച്ചറിയാന്‍ എളുപ്പമാണല്ലോ. 
ക്ലൂ തരാം. റാണി ലക്ഷ്മി ഭായി ജാന്‍സി എന്ന രാജ്യത്തെ ക്വീന്‍ ആയിരുന്നു." 
"അത് മനസ്സിലായി." അവന്‍ ചിത്രം തൊട്ടു കാണിച്ചു.
"അപ്പോള്‍ സരോജിനി നായിഡു ഏതാ?"
"പപ്പാ .. പറ്റിക്ക്യാല്ലേ.. ഇതില്‍ വേറെ ലേഡീസ് ഇല്ലല്ലോ"
ഞാന്‍ കീഴടങ്ങി. ആ പടത്തില്‍ സരോജിനി നായിഡുവിനു ടിപ്പിക്കല്‍ പെണ്ണിന്റെ ഇമേജ് ഇല്ല. കണ്ടാല്‍ ഏതോ ആണാണെന്നെ തോന്നൂ.
"ഇത്?"
"നെഹ്‌റു, കഴിഞ്ഞ ചില്ദ്രന്‍സ് ഡേയ്ക്ക് ക്രിസ്ടി ആര്‍ന്നു നെഹ്‌റു. ഇത്തവണ ഞാനാവും."
"ഓ കെ. ഇതാരാ?"
"അറിയില്ല"
"ഇതാണ് സുഭാഷ് ചന്ദ്രബോസ്. (ആവേശത്തോടെ) ഗിവ് മി യുവര്‍ ബ്ലഡ്‌, ഐ വില്‍ ഗിവ് യു ദി ഫ്രീഡം എന്ന് പറഞ്ഞ മഹാനാണ്."
"അയാള്‍ക്ക്‌ അസുഖം ഉണ്ടായിരുന്നോ?"
"അസുഖോ? ഡാ.. ഇന്ത്യന്‍ നാഷണല്‍ ആര്മ്മി ഉണ്ടാക്കി ബ്രിട്ടനെതിരെ പോരാടിയ വീരനാണ് സുഭാഷ് ചന്ദ്രബോസ്."
"അതല്ല, അപ്പോള്‍ അയാള്‍ എന്തിനാ ബ്ലഡ്‌ ചോദിച്ചത്? അസുഖമുള്ള ആള്‍ക്കാര്‍ക്കല്ലേ ബ്ലഡ്‌ കയ്യിമ്മേ സൂചി കുത്തി കേറ്റുന്നതു?"
അല്ല എനിക്കിത് വേണം ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനോട് ആവേശം കൊള്ളാന്‍ പോവണ്ട വല്ല കാര്യോം ഉണ്ടായിരുന്നോ. ഞാന്‍ ഉത്തരം പറയാതെ ഇരുന്നു. 
"അത് പോട്ടെ, ഇത് അറിയാമല്ലോ.. ആരാ?"
"ഫാദര്‍ ഓഫ് നേഷന്‍, മഹാത്മാ ഗാന്ധി."
ഹാവൂ ആശ്വാസമായി..
അപ്പോള്‍ വരുന്നു അടുത്ത ചോദ്യം.
"ഇവരൊക്കെ മരിച്ചോ?"
"ഉവ്വ്, എല്ലാവരും മരിച്ചു"
"എന്നിട്ടെന്താ ഗാന്ധിജീടെ പടം മാത്രം കാശുമ്മേ വെച്ചേക്കണത്?"
ഈശ്വരാ..
ഞാന്‍ എണീറ്റു. ഉത്തരം പറയാനാവാത്തവന്റെ സ്ഥിരം നമ്പര്‍ അടിച്ചു.
"അത് പിന്നെ പറഞ്ഞു തരാം. 
എണീറ്റെ, സ്കൂള്‍ ബസ്‌ ഇപ്പൊ വരും. വേഗം റെഡി ആവു... മം വേഗം വേഗം."

No comments:

Post a Comment