Friday, June 29, 2012

കാലിഡോസ്കോപ്പുകള്‍

എനിക്ക് ചുറ്റും 
ചില്ലുകൊണ്ട് ഒരു കൊട്ടാരമോരുങ്ങുന്നത് 
ഓര്‍മ്മ വച്ച നാള്‍ മുതല്‍ ഞാനറിയുന്നുണ്ട്
മാതാപിതാക്കള്‍, ബന്ധുക്കള്‍..
സുഹൃത്തുക്കള്‍, മക്കൾ..ഓരോരുത്തരായി 
എന്‍റെ വളര്‍ച്ചയ്ക്കനുസരിച്ച് 
കൊട്ടാരത്തിനു വലിപ്പം കൂട്ടി വന്നു.
പ്രണയം പങ്കുവച്ചവള്‍ അതിനു 
പരമാവധി മോടി പിടിപ്പിച്ചു.

എന്നിട്ട് 
തിരിച്ചും മറിച്ചും 
കുലുക്കിയുമിളക്കിയും പിന്നെ,
ചിലതു കൂട്ടിച്ചേർത്തും കുറച്ചും
അവനവനു രസിക്കുമ്പോലെയാസ്വദിച്ചു 
പ്രദര്ശനവസ്തുവാക്കുന്നു.

ഇപ്പോള്‍, 
എന്‍റെ സന്തതി പരമ്പര
കൊട്ടാരം ഒരു വിധം പൂര്‍ത്തിയാക്കി.
വരും കാലം, ചില അറ്റകുറ്റപ്പണികള്‍
വേണ്ടി വന്നേക്കാമെങ്കിലും 
ഈയിടെ  മിനുക്കുപണികളില്ല !

അപ്പോളും 
അവനവനു രസിക്കുന്ന രൂപങ്ങളില്‍ 
ആര്‍ക്കും ആകൃതി മാറ്റാവുന്ന
ഒരു വളപ്പോട്ടായി 
ഞാനീ കൊട്ടാരത്തിനുള്ളിൽത്തന്നെ 
കാത്തിരിപ്പുണ്ട്!

കാരണം,
ഞാനുണ്ടാക്കിയ ചില്ലുകൊട്ടാരങ്ങളിലെ
വളപ്പോട്ടുകളെ 
എനിക്ക് കാണണ്ടേ, ആസ്വദിക്കണ്ടേ 
നാലാളെക്കാണിക്കണ്ടേ !

No comments:

Post a Comment