Friday, June 29, 2012

താറാമുട്ട

വൈകീട്ട് ഓഫീസില്‍നിന്നു വീട്ടിലേയ്ക്കുള്ള യാത്രയില്‍ ..
ചെറിയ ചാറ്റല്‍ മഴ കാര്യമാക്കാതെ പോയ ഞാന്‍ ബൈക്കിലിരുന്നു നനഞു വിറച്ചു.
വണ്ടി നിറുത്തി ഹൈ വേക്കരികിലെ തടുകടയില്‍ കയറി ഞാനൊരു ഡബിള്‍ ബുള്‍സൈ ഓര്ഡര്‍ ചെയ്തു.
കടയില്‍ ഒരു ബെഞ്ച്‌. അതില്‍ ഒരു ചേട്ടനിരിപ്പുണ്ട്.
അമ്പതു വയസ്സ് പ്രായം വരും.
ഷര്‍ട്ട്‌, ലുങ്കി, നരച്ച കുറ്റിത്താടി, ചുണ്ടില്‍ ബീഡി..
ഞാന്‍ ഒന്ന് നോക്കിയപ്പോള്‍ എന്നെ രൂക്ഷമായി നോക്കിയിട്ടെന്തോ പിറുപിറുക്കുന്നു.
ഇതെന്തൂട്ടടപ്പാ.. ന്നു മനസ്സില്‍ കരുതി. ഞാന്‍ മൈന്ട് ചെയ്യാതിരുന്നു.
ബുള്‍സൈ വന്നു. 
പിറുപിറുക്കല് ഇത്തിരി കൂടെ ഉച്ചത്തിലായി..
ഞാന്‍ നോക്കിയപ്പോള്‍, എന്‍റെ പ്ലെയ്ട്ടിലെയ്ക്കും മുഖത്തെയ്ക്കും നോക്കി എന്തൊക്കെയോ പറയുകയാണ്‌.
അതൊന്നും എനിക്ക് ബാധകമല്ലാത്ത രീതിയില്‍ തിന്നുകൊണ്ട്‌ ശ്രദ്ധിച്ചു.

"പാന്റും ഷര്‍ട്ടും ബൈക്കും... ഹും.. വെല്യ വിവരമുള്ള ആള്‍ക്കാരാന്നാ വിചാരം......"
എന്നെപ്പറ്റി തന്നെയാണ്.

"എന്താ ചേട്ടാ.. എന്താ പ്രശ്നം?" ഞാന്‍ ചോദിച്ചു.

"ഒന്നൂല്യ.. നിങ്ങളൊക്കെ വിവരോള്ള ആള്‍ക്കാരല്ലേ? അല്ല, അങ്ങന്യാനല്ലോ വെപ്പ്."
സംസാരത്തിനൊപ്പം നല്ല റമ്മിന്റെ മണം അവിടെ പരന്നു.

"അതിനിപ്പോ ഞാന്‍ ചേട്ടന് ഒരു ഉപദ്രവോം ചെയ്തില്ലല്ലോ.."

"ഇല്ല.. ഈ തിന്നണതെന്തൂട്ടാ?"

"കണ്ടൂടെ, ബുള്‍സൈ."

"അത് കണ്ടു.. കയ്യില്‍ കാശില്ലെ? കോഴ്യല്ലേ തിന്നണത്?"

എനിക്ക് ദേഷ്യം വന്നു..
" ഡോ, തനിക്കെന്താ വേണ്ടേ?"

"എനിക്കൊന്നും വേണ്ട സാറേ..
സാറിനു താറാമുട്ട തിന്നൂടെ?"

"എനിക്കെന്താ മൂലക്കുരുവോ? എന്താ കോഴിമുട്ട തിന്നാല്‍? താനാണോ ഇവിടെ താരാമോട്ട സപ്ലെ ചെയ്യണത്?"
ഞാന്‍ കുറെ ചോദ്യം ഒരുമിച്ചു അങ്ങോട്ട്‌ പെടച്ചു.

"കാശ് മുടക്കി എന്തിനാ തിന്നണേ? ആരോഗ്യം ഇണ്ടാവാനല്ലേ?
ഈ തവിടും പിണ്ണാക്കും തിന്നണ കൊഴീരെ മൊട്ട തിന്നാ എന്തൂട്ടാ കിട്ടാ..
തിന്നനെങ്കി താറാമൊട്ട തിന്നണം..
അത് ഞണ്ടും, ഞവിനീം, മീനും ഒക്കെ തിന്നട്ട് ഇടണ മോട്ടയാ.. അത് വേടിച്ചു തിന്നു സാറേ..
ആരോഗ്യം ഇന്ടാവട്ടെ.. അല്ലാണ്ട് ഈ തവിടു തിന്നിട്ടെന്താ കാര്യം.."

എന്‍റെ തലയ്ക്കു മുകളില്‍ ആശ്ച്ചര്യാകൃതിയില്‍ ഒരു ബള്‍ബ് കത്തി.
ദേഷ്യം എങ്ങോട്ടോ പോയി..
ചെറിയ ചിരിയോടെ ഞാന്‍ അയാളോട് നന്ദി പറഞ്ഞു..
എന്നിട്ട് പതുക്കെ ചോദിച്ചു

"മ്മക്ക് ഓരോ താറാമുട്ട ഒമ്ളെറ്റു അങ്ങട് പൂശ്യാലോ?"

No comments:

Post a Comment