Friday, June 29, 2012

മൈനയോട് ചില ചോദ്യങ്ങള്‍.

മൈനയോട് ചില ചോദ്യങ്ങള്‍.

മൈന ഉമൈബാന്‍ എന്ന എഴുത്തുകാരിയെ വായിച്ചു തുടങ്ങിയിട്ട് കുറെ നാളുകളായി. മറയില്ലാതെ എഴുതുന്ന ഒരാള്‍ എന്ന ഇഷ്ടം അവരോടു തോന്നിയിട്ടുണ്ട്. പാരമ്പര്യമായി വിഷചികിത്സ നടത്തിയിരുന്ന മുന്‍തലമുറക്കാരില്‍നിന്നു പകര്‍ന്നു കിട്ടിയ ഒട്ടേറെ അറിവുകള്‍ പല സ്ഥലങ്ങളിലും അവര്‍ പങ്കു വച്ചിട്ടുണ്ട്. മുന്‍ പരിചയമില്ലെങ്കിലും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തന്ന മൈനയ്ക്ക് നന്ദി. ഒരു പാടു പേര്‍ ഇതേ ചോദ്യങ്ങള്‍ ഉന്നയിച്ചു കാണുമെങ്കിലും യാതൊരു അസഹിഷ്ണുതയും പ്രകടിപ്പിക്കാതെ കൃത്യമായി മറുപടി തന്നത്തിനു വീണ്ടും നന്ദി!!


എല്ലാവര്ക്കും പ്രയോജനപ്പെടുന്ന അല്ലെങ്കില്‍ ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഈ അറിവുകള്‍ ഷെയര്‍ ചെയ്യുന്നു.


animesh xavier - 

പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണം?

മുറിവിനു മുകളില്‍ മുറുക്കി കെട്ടിയത് കൊണ്ട് പ്രയോജനമുണ്ടോ?

മുറിവിനു മുകളില്‍ കീറി ചോര ഒഴുക്കി കളയുന്നതുകൊണ്ട് എന്തെങ്കിലും ഗുണം?

കടിച്ച പാമ്പിനെ തിരിച്ചറിയുന്നത്‌ എത്ര പ്രയോജനം ചെയ്യും?

അതിനെ (കടിച്ച പാമ്പിനെ) ഡോക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കുന്നത് നല്ലതാണോ?

പാരമ്പര്യ വൈദ്യത്തിനെ വിശ്വസിക്കാമോ? (അടുത്ത് ആധുനിക ആശുപത്രി സൌകര്യങ്ങലുള്ളപ്പോള്‍?)

വിഷം പൂര്‍ണ്ണമായും ശരീരത്തില്‍നിന്നും പുറം തള്ളപ്പെടില്ലേ? (അണലി കടിച്ചാല്‍ ചൊരിയും ചിരങ്ങും ജീവിതകാലം മുഴുവന്‍ വരും എന്ന അന്ധവിശ്വാസം)

ഇത്തരം കാര്യങ്ങളെക്കുറിച്ച് താങ്കള്‍ക്കുള്ള അറിവുകള്‍ ഒന്ന് ഷെയര്‍ ചെയ്യാമോ?
ഒരുപാടു പേര്‍ക്ക് പ്രയോജനപ്പെടും എന്ന് കരുതുന്നു.Edit10/13

myna umaiban - @ animesh

സര്‍പ്പദംശനമേല്‌ക്കേണ്ടിവരുന്നയാളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാവുക പ്രഥമ ശുശ്രൂഷയുടെ ഫലമായിരിക്കും. ഭയംകൊണ്ടോ അഞ്‌ജതകൊണ്ടോ വിലയേറിയ സമയം നഷ്‌ടപ്പെടുത്താതെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്‌. കടിച്ച പാമ്പിനെ തിരിച്ചുകടിച്ചാല്‍ വിഷമുണ്ടവില്ല എന്നു വിശ്വസിക്കുന്നവരുണ്ട്‌. ശരീരത്തില്‍ കടന്ന വിഷം തിരിച്ചു കടിച്ചതുകൊണ്ട്‌ ഇല്ലാതാകുന്നില്ല. തിരിച്ചുകടിക്കാന്‍ തുനിഞ്ഞാല്‍ വീണ്ടും കടിയേല്‌ക്കുകയായിരിക്കും ഫലം. പുരാതന ഗ്രന്ഥങ്ങളിലും മറ്റും കടിച്ച പാമ്പിനെ തിരിച്ചുകടിക്കുക അല്ലെങ്കില്‍ പാമ്പാണെന്നു വിചാരിച്ച്‌ കല്ലോ, കമ്പോ കടിക്കുക എന്നു പറയുന്നുണ്ട്‌. കടിയെല്‍ക്കുമ്പോഴുണ്ടായേക്കാവുന്ന മാനസീക സംഘര്‍ഷം കുറയ്‌ക്കാനുള്ള വഴിയായിട്ടാവും ഇതു പറഞ്ഞിരിക്കുക. കടിയേല്‌ക്കുമ്പോഴുണ്ടാകുന്ന ഭയംമൂലം ഹൃദയസ്‌പന്ദം വേഗത്തിലാവുകയും രക്തയോട്ടം വര്‍ദ്ധിക്കുകയും അതുമൂലം വിഷം ശരീരത്തില്‍ പെട്ടെന്ന്‌ വ്യാപിക്കാന്‍ ഇടവരുകയും ചെയ്യും. ഈ അവസ്ഥയില്‍ മാനസീക പിരിമുറുക്കം കുറക്കുന്നതിന്‌ ഉപകരിക്കുന്നതാണ്‌ കല്ലോ കമ്പോ കടിക്കുക എന്നത്‌. മനശാസ്‌ത്ര സമീപനത്തില്‍ മാത്രമേ ഇതുപകരിക്കൂ

ഡോക്‌ടറുടെയോ വിദഗ്‌ദനായ വൈദ്യന്റെയോ നിര്‍ദ്ദേശ പ്രകാരം മാത്രമേ മരുന്നുപായോഗിക്കാവൂ. അശാസ്‌ത്രീയ പരിഹാരങ്ങള്‍ തേടി വിലയേറിയ സമയം കളയാതെ ഇത്തരം സന്‌ദര്‍ഭങ്ങളില്‍ ജീവന്‍കൊണ്ടു പന്താടാതെ ശാസ്‌ത്രീയമായി അംഗീകരിക്കുന്നകാര്യങ്ങള്‍ മാത്രം ചെയ്യുക.ഏറ്റവും പ്രധാനം രോഗി ഭയപ്പെടാതിരിക്കുകയാണ്‌. ഭയവും മാനസീക സംഘര്‍ഷവും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. രോഗിയുടെ കൂടെയുള്ളവര്‍ ഈ അവസ്ഥയില്‍ ആശ്വസിപ്പിക്കുകയാണു വേണ്ടത്‌..രോഗി ശാരീരികവും മാനസീകവുമായി വിശ്രമിക്കുകയാണു വേണ്ടത്‌. ലഹരി പദാര്‍ത്ഥങ്ങളോ, ഭക്ഷണമോ കഴിക്കരുത്‌. 
ദാഹമുണ്ടെങ്കില്‍ വെള്ളം കുടിക്കാം. കരിക്കിന്‍ വെള്ളമാണു നല്ലത്‌. രോഗിയെ നടത്താനോ കഴിയുന്നതും ഇളക്കാനോ പാടില്ല. കൈകാലുകളിലാണ്‌ കടിയേറ്റിട്ടുള്ളതെങ്കില്‍ ആ ഭാഗം താഴ്‌ത്തിയിടുന്നതാണ്‌ ഉത്തമം. മറ്റു ഭാഗങ്ങളിലാണെങ്കില്‍ തല ഉയര്‍ത്തിക്കിടത്തണം. കടിയേറ്റലുടന്‍ ആ ഭാഗം ശുദ്ധജലത്തില്‍ കഴുകി, മുറിവില്‍നിന്നും കുറച്ചെങ്കിലും രക്തം ചോര്‍ത്തിക്കലയണം. പ്രഥമ ശുശ്രൂഷയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്‌ മൂറിപ്പാടിന്‌ മുകളിലായി കെട്ടുന്നതാണ്‌. മൂന്നോ നാലോ ഇഞ്ച്‌ മുകളില്‍ വെച്ച്‌ കെട്ടുക. മുറുക്കി കെട്ടാതിരിക്കുന്നതാണ്‌ നല്ലത്‌. ഇടവിട്ട്‌ രണ്ടോ മൂന്നോ കെട്ടുകെട്ടാം. ആധുനീക ചികിത്സാരീതിയാണ്‌ സ്വീകരിക്കുന്നതെങ്കില്‍ രക്തഗ്രൂപ്പ്‌ അറിഞ്ഞിരിക്കുന്നത്‌ നന്നായിരിക്കും. വിഷം രക്തത്തില്‍ കലര്‍ന്ന്‌ രക്തം കട്ടപിടിക്കാതായാല്‍ രക്തഗ്രൂപ്പ്‌ നിര്‍ണ്ണയിക്കാന്‍ സാധിക്കാത്തതുകൊണ്ടാണിത്‌. പാമ്പുകടിയേറ്റാല്‍ കാര്യമായ വിഷമങ്ങളൊന്നുമുണ്ടായില്ലെങ്കിലും ചികിത്സാകേന്ദ്രത്തിലെത്തിക്കുന്നതാന്‌നല്ലത്‌. നിരീക്ഷിച്ച്‌ ബോദ്ധ്യപ്പെട്ടാലേ വിഷമേറ്റിട്ടില്ലെന്ന്‌ ഉറപ്പാക്കാന്‍ പറ്റൂ. വിഷമേറ്റാലുടന്‍ പ്രഥമശുശ്രൂഷകള്‍ നല്‌കി, രോഗിയെ ഫലപ്രദമായ ചികിത്സ ലഭിക്കുന്നിടത്ത്‌ എത്തിക്കുകയാണ്‌ വേണ്ടത്‌.


പൂര്‍ണ്ണമായ ചികിത്സ കിട്ടുന്നുവെങ്കില്‍ ചൊറിയേയും ചിരിങ്ങിനേയും പേടിക്കേണ്ട.10/13

animesh xavier - വളരെ നന്ദി..
കടിച്ച പാമ്പിനെ തിരിച്ചറിയുന്നതുകൊണ്ടു ചികിത്സയില്‍ എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നു പറഞ്ഞില്ല. (അണലിയാണോ, മൂര്‍ഖന്‍ ആണോ.. എന്നിങ്ങനെ).
അതുകൂടിയായാല്‍ എന്‍റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പൂര്‍ത്തിയായി.

myna umaiban -
@animesh
കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കും. പിടിച്ചുകൊണ്ടുപോയാല്‍ വിഷമുള്ളതാണോ എന്നും ഏതു വിഭാഗത്തില്‍ പെട്ടതാണെന്നും തിരിച്ചറിഞ്ഞാല്‍ ചികിത്സ വേഗത്തില്‍ തുടങ്ങാന്‍ സാധിക്കും. അത് അലോപ്പതിയിലാണെങ്കിലും, ആയൂര്‍വ്വേദത്തിലാണെങ്കിലും. പാമ്പിന്‍വിഷം ഒരേ തരത്തിലുളളതല്ല. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍ എന്നിവയില്‍ വിഷത്തിലെ ഘടകങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. 
ചിലത് നാഡിവ്യവസ്ഥയെയും ഹൃദയപേശികളെയും ബാധിക്കുമ്പോള്‍ ചിലത് രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്നു.

ഓരോ വിഭാഗത്തില്‍പ്പെട്ട പാമ്പിനും വെവ്വേറെ മരുന്നാണ് വേണ്ടത്. ആന്റിവെനമാണെങ്കില്‍ പോലും വെവ്വേറെയുണ്ട്. മൂര്‍ഖചികിത്സയ്ക്ക് അണലി ചികിത്സ ചെയതാല്‍ വിപരീതമാവും ഫലം. 

പാമ്പിനെ കിട്ടിയില്ലെങ്കില്‍, ഏതാണെന്ന് തിരിച്ചറിയാനായില്ലെങ്കില്‍ വിഷവികാരങ്ങള്‍ നോക്കിയും പല്ലടയാളം നോക്കിയുമൊക്കെയാണ് ചികിത്സ തീരുമാനിക്കന്നത്. ആയൂര്‍വ്വേദത്തില്‍ ചില് ഔഷധങ്ങള്‍ കൊടുത്ത് രുചി വ്യത്യാസം മനസ്സിലാക്കി ചിലര്‍ ചികിത്സിക്കാറുണ്ട്.

1 comment:

  1. ഉപകാരപ്രദമായൊരു പോസ്റ്റ്‌ ... താങ്ക്സ്....

    ReplyDelete